Tuesday, May 25, 2010

To my dearest Red rose --- my lover

എന്റെ ചെമ്പനീര്‍പൂവിന്‌

വസന്തകാലത്തിന്‍ കാല്‌പനികതയില്‍
കണ്ടു ഞാനൊരു ചെമ്പനീര്‍ പൂവിനെ,
ചന്തമല്ലതിന്‍ ഗന്ധമാണെന്നിലെ
എന്നെയുണര്‍ത്തിയതന്നൊരുനാള്‍
ഇറുത്തെടുക്കുവാന്‍ കൊതിച്ചു പോയന്നു ഞാന്‍
മനസ്സിന്റെ പൂന്തോപ്പില്‍ കൊണ്ടു വയ്‌കാന്‍.
പൂവിനെ പൂജിക്കാന്‍ പൂന്തോപ്പൊരുക്കുവാന്‍ ഞാന്‍
പോയുള്ളൊരു നേരമാരോ,
ഇറുത്തെടുത്തുവോ ആ ചെമ്പനീര്‍ പൂവിനെ
അകലെയെങ്ങോ കൊണ്ടു പോയോ
പൂവിനെ തേടിയലഞ്ഞു നടന്നു ഞാന്‍
ചെമ്പനീര്‍ പൂവിനെ കണ്ടതില്ല.

a a a a a

വസന്തകാലത്തിന്‍ കാല്‌പനികത വീണ്ടും
മൃദുസുഗന്ധം നീട്ടി കടന്നു വന്നു
പൂന്തോപ്പിലായിരം പൂക്കളെന്നോട്‌
സൗമ്യമായ്‌ പുഞ്ചിരിച്ചു.
വണ്ടു കണക്കെ ഞാനോടിയെത്തി ഓരോ പൂവിലും
ചെമ്പനീര്‍ പൂവിന്റെ ഗന്ധം തേടി.
പൂവുകളായിരം നിറഞ്ഞു നില്‍ക്കിലും
ചെമ്പനീര്‍ പൂവിന്റെ ഗന്ധമില്ല.

Thursday, May 06, 2010

അകലത്തെ കൂട്ടുകാരി

അറിയില്ലെനിക്കിന്നുമെന്നൊര്‍മ്മകള്‍
അകലെയെങ്ങൊ പോയൊളിച്ചോ....വെറും
മണ്ണില്‍ വീണു പൊലിഞ്ഞു പോയോ?
കനവിന്റെ തോണി തുഴഞ്ഞെത്തുമ്പോള്‍
നീയെന്നും അകലേക്ക് മാഞ്ഞു പോകുന്നുവോ?
പൊന്നിന്‍ ചിരിതൂകി ചാടിക്കളിക്കുന്ന ബാല്യകാ‍ലം
എന്നുമകലെയായിരുന്നല്ലോ
ബാല്യകൌമാരങ്ങള്‍ പിന്നിടുമ്പോള്‍
കൂട്ടുകാര്‍ അകലത്തു പോയൊളിച്ചു
അധ്യയനത്തിന്റെ വേദനകളെന്നും
ചൂരലിന്‍ നീളത്തിനകലെ
പൊട്ടക്കണക്കുകള്‍ കുത്തിക്കുറിക്കുമ്പോള്‍
പൊട്ടിടുന്നു പുറത്തെന്തോ,
വേദനിച്ചന്നു ഞാന്‍ കണ്ണീരു വാര്‍ക്കുമ്പോള്‍
സാന്ത്വനമെന്നും അകലെയായിരുന്നു
ചോരത്തുടിപ്പിന്റെ ആ കൌമാര വേദിയില്‍
ആടിത്തുടങ്ങി ഞാനപ്പോള്‍
കാണികളെന്നും അകലെയായിരുന്നില്ലേ
എന്റെ വേഷഭൂഷാദികള്‍ കാണാന്‍

എന്തിനു വേണ്ടിയോ അന്നൊരു നാളിലാ
പെണ്‍കൊടിയെന്നോടടുത്തു
എന്‍ ചിരി കാണുവാന്‍ എന്‍ വാക്കു കേള്‍ക്കുവാന്‍
ആദ്യമായ് വന്നൊരാ കൂട്ടുകാരി
പ്രണയത്തിന്‍ തെളി നിലാവുപോല്‍
തെളി നീരുപോല്‍ അവളുടെ സ്നേഹം
എന്റെ ജന്മത്തിന്‍ പങ്കാളിയായ് തീര്‍ന്നു
എന്റെ ജീവിതം സാര്‍ത്ഥകമായ്
എന്നു ഞാനന്നു നിനച്ചുപോയി
അകലത്തു പോയൊരു കൂട്ടുകാരെയൊക്കെ
അവളിലൂടന്നു ഞാന്‍ സ്വന്തമാക്കി
നഷ്ടമായ് മാറിയ ബാല്യകൌമാരങ്ങള്‍
യവ്വനത്തില്‍ തിരിച്ചു നേടി
കഥ പറയാനെനിക്കമ്മയായവള്‍
തഴുകിയുറക്കുവാന്‍ താരാട്ടുവാന്‍
നേര്‍വഴി കാണിക്കും തോഴിയായവള്‍
കൂട്ടുകാരിയെനിക്കെല്ലാമായി
ഒരു നാളില്‍ ഞങ്ങളാ ഇരുചക്രമേറി
അകലെയെങ്ങോ പോയ്‌വരവേ
പോത്തിന്‍പുറത്തേറിയെത്തുന്ന
കാലനന്നു ലോറി ഡ്രൈവറായി
കൊണ്ടുപോയന്നവന്‍ എന്‍പ്രിയ തോഴിയെ
ചുടുരക്തമെന്റെ മാറില്‍ വീണു
അറിയുന്നു ഞാന്‍ സഖീ നീയെനിക്കായ്
അകലെയെങ്ങോ കാത്തിരിപ്പൂ
ഒരു കൊച്ചു താരമായെന്‍ മനസ്സിന്‍
ചക്രവാളത്തില്‍ തിളങ്ങി നില്‍പ്പൂ

2008.ജനുവരി.02